web analytics

പോത്തുമുക്ക്- ഐക്യജങ്ഷൻ

0 704

പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രധാന ജംഗ്ഷൻ ആണ് പോത്തുമുക്ക് എന്നപേരിൽ 1972 വരെ അറിയപ്പെട്ട സ്ഥലം. പിന്നീട് ഐക്യജംഗ്ഷൻ എന്ന നാമം സ്വീകരിക്കപ്പെടുകയും ചെയ്തു.
കായംകുളം നഗരസഭയുടെ ആദ്യകാലങ്ങളിൽ മുപ്പതിന് താഴെ വാർഡുകൾ ഉള്ളപ്പോൾ നാല്‌ , അഞ്ച് വാർഡുകളുടെ സംഗമപ്രദേശം. വിപ്ലവ രാഷ്ട്രീയത്തിനും മുസ്ലിംലീഗ് രാഷ്ട്രീയത്തിനും അടിവേരൂകൾ ഉള്ളതും
ജനസാന്ദ്രതയേറിയതുമായ ഇവിടെ സാമ്പത്തികമായി പിന്നിൽ നിന്നിടമായിരുന്നു.
മത്സ്യബന്ധനം, കയർമേഖല, കൂലി തൊഴിലാളികൾ, അരിഷ്ട്ടിച്ചു ജീവിതം തള്ളിനീക്കിയവരാണധികവും. പിൽക്കാലത്ത് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നെഴുന്നേറ്റ സമൂഹം.
ഹരിപ്പാട് മുതുകുളം മെയിൻ റോഡ് കടന്ന് പോകുന്നു.
മുൻപ് പട്ടണത്തിലെ ഏറ്റവും കൂടുതൽ യുവാക്കൾ ഒത്തു ചേരുന്ന ജംഗ്ഷൻ. ഒരുകാലത്ത് ഐക്യജങ്ഷനെ സിപിഐ യുടെ മോസ്‌കോ എന്നറിയപ്പെട്ടിരിന്നു.
വിപ്ലവ യുവജന പ്രസ്ഥാനങ്ങൾക്ക് ജ്വലിക്കുന്ന യുവാക്കളെ ദാനം ചെയ്ത പ്രദേശം കൂടിയായിരുന്നു. ആദ്യകാലത്ത് രണ്ടു ചെറിയ ചായക്കടകളും ഒരു പലവ്യഞ്ജന കടയും, ഒരു റേഷൻ കടയും രണ്ടു മുർക്കാൻ കടയും മൽസ്യചന്തയും ആഴ്ചയിലെ ഇറച്ചിക്കടയും ഒരു ബാർബർഷാപ്പും കൂടിയ ടിപ്പിക്കൽ ഗ്രാമച്ചന്ത പോലെ ഓർമകളിലേക്ക് കടന്നു വരുന്നു. ആടിന്റെ ഭക്ഷണമായ പ്ലാവില (തൂപ്പ്) നിത്യവും ലഭിക്കുന്നിടം. കായംകുളം കൊച്ചുണ്ണിയുടെ കുടുംബാംഗമായിരുന്ന മുണ്ടകത്തിൽ അസനാരുകുഞ്ഞിന്റെ ചായക്കട പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്.

കീരിക്കാട് വില്ലേജിന്റെ പ്രധാനഭാഗം. പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്നിടം. ഒരിക്കൽ ഇവിടെ വർഗീയ ലഹള പൊട്ടിപുറപ്പെട്ടിരിന്നു. എല്ലാവരുടെയും
ശ്രമഫലമായി വേഗം നിയന്ത്രണ വിധേയമായി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിനു മുൻപേ മുളയിലെനുള്ളാൻ കഴിഞ്ഞു. ഒരു കാലഘട്ടത്തിൽ കായംകുളം പോലീസ് സ്റ്റേഷനിൽ ഏറ്റവും കൂടുതൽ കേസ്
രജിസ്റ്റർ ചെയ്തതും എന്നാൽ, പിൽക്കാലത്ത് കുറ്റകൃത്യം ഗണ്യമായി കുറയുകയും ചെയ്‌തെന്ന ഖ്യാതിയും ഐക്യജങ്ഷന് അവകാശപ്പെട്ടതാണ്.
പോത്തുമുക്ക് എന്നപേര് പൊതുവെ അപമാനമാണെന്ന് നിവാസികൾക്കും നഗരസഭക്കും തോന്നി.

 


പേരുമാറ്റം അനിവാര്യമാണന്ന ആവശ്യം ശക്തമായതോടെ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന നഗരസഭ കൗൺസിലറും സോഷ്യലിസ്റ്റ് പാർട്ടി നേതാവും അധ്യാപകനും മാതൃകാ സാമൂഹിക പ്രവർത്തകനും കീരിക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്ന മീനത്തേരിൽ ഉണ്ണുണ്ണിസാർ നഗരസഭയിൽ പേരുമാറ്റത്തിനുള്ള പ്രമേയം അവതരിപ്പിച്ചു. ഐക്യനഗർ (unity center) എന്ന പേര് നിർദേശിച്ചു. പ്രമേയത്തെ കൗണ്സിൽ പൂര്ണമായും പിന്തുണച്ചു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നഗരസഭ അംഗവുമായ പിടി.ത്വയ്യിബ് പ്രമേയത്തിന് ഭേദഗതി നിർദേശിച്ചു. നഗറിന് പകരം ജംഗ്ഷൻ മതി എന്നാവശ്യപ്പെട്ട്. അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ “ഐക്യ ജംഗ്ഷൻ” എന്ന പേര് നഗരസഭയിൽ കൗണ്സിൽ ഐക്യകണ്ടെന അംഗീകരിച്ചു.
ജംഗ്ഷനിൽ സ്ഥാപിക്കാനുള്ള ബോർഡ് നഗരസഭയുടെ ചെലവിൽ ചെന്നൈയിൽ നിന്നും വരുത്തി. ഇരുമ്പിൽ പ്ലേറ്റ് ചെയ്ത് ആകർഷകമായി തയ്യാറാക്കിയതായിരുന്നു.
പിൽക്കാലത്ത് മതസൗഹൃദവും, സഹിഷ്ണതയും ഐക്യവും പുരോഗമന സ്വഭാവവും ബഹുസ്വരതയും നിലനിർത്തി വരുന്നു. മുൻപ് വലിയ ആശയ ചർച്ചകളും സാംസ്കാരിക പരിപാടികളും മത പ്രബോധന പ്രവർത്തനങ്ങളും നടന്നിരുന്നു. വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിഞ്ഞു. പ്രവാസത്തിലേക്കും സർക്കാർ ജോലിയിലേക്കും യുവാക്കളുടെ ഒഴുക്കു കാരണം പിൽക്കാലത്ത് സർഗാത്മക പ്രവർത്തനങ്ങൾക്ക് ഊഷരത കൈവന്നില്ല. ന്യുനപക്ഷ പുരോഗമന മത സംഘടനകൾ
വേഗത്തിൽ വേരോടിയ പ്രദേശവും കൂടിയാണ്. ശുദ്ധ പോത്തിറച്ചി ലഭിക്കുന്ന പ്രദേശം എന്നുള്ളത് കൊണ്ടാണ് അങ്ങനെ സ്ഥലനാമം കൈവരിച്ചത്. മൂന്ന് നാല് വ്യക്തികളെ ആ പേരിൽ അറിയപ്പെട്ടു. അതിലൊരാൾ വന്ദ്യവയോധികനായി
ബോട്ട് ജെട്ടിയിലും ഒരാൾ കൊച്ചു പള്ളിക്ക് സമീപവും പാർത്തു വന്നു.
1968-1979 കാലഘട്ടത്തിൽ ഏ. ഉണ്ണുണ്ണിയും,
1979-1985 ഘട്ടത്തിൽ മകൻ എം.ഒ.താജുദീനും, 1987 ൽ മകൾ ആനിസയും ഐക്യജങ്ഷൻ ഉൾപ്പെടുന്ന നഗരസഭ അഞ്ചാം വാർഡിനെ പ്രതിനിധീകരിച്ചു. മുൻ ധനമന്ത്രി പികെ. കുഞ്ഞുസാഹിബിന്റെ പുത്തൻപുരയിൽ കുടുംബം കഴിഞ്ഞാൽ ഒരേ കുടുംബത്തിൽ നിന്നു മൂന്നു പേർവീതം നഗരസഭാംഗമായിട്ടുള്ളത് മീനത്തേരിൽ ഉണ്ണുണ്ണിസർ , സാധുപുരത്ത് മാധവൻ എന്നീ കുടുംബത്തിൽ നിന്നുമാണ്. പിന്നീട് ജംഗ്ഷൻ വികസിക്കുകയും കാലക്രമേണ കടകളും സ്ഥാപനങ്ങളും വർധിച്ചു വന്നെങ്കിലും റോഡ് വികസിക്കുകയോ ശോച്യാവസ്ഥക്ക് മാറ്റം വരുകയോ ചെയ്തില്ല. ദീർഘനാൾ മഴവെള്ളം കെട്ടിനിന്നും കൃത്യമായ ഓടയില്ലാത്തത് കാരണം വെള്ളപ്പൊക്ക ഭീഷണി വലിയ പ്രശനമായി അവശേഷിച്ചു.
പിൽക്കാലത്തു നിരവധി വാർഡുകളും കൗണ്സിലറന്മാർ ചുറ്റും വരുകയും ചെയ്തിട്ടും നഗരത്തിലെ അവികസത
പ്രദേശമായി അറിയപ്പെട്ടു. എന്നാൽ, ഗൾഫ്‌ സമ്പത്തിന്റെ വരവും വിദ്യാസമ്പന്നതയും
കാരണം മാറ്റം വേണമെന്ന പൊതുജനങ്ങളുടെ അവശ്യത്തിന് മുന്നിൽ ഐക്യജംഗ്ഷന് പുറം തിരിഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് വസന്തം വന്നതുപോലെ, നിഷ്പ്രയാസം ആഞ്ഞടിച്ച കൊടുങ്കാറ്റ് പോലെ റോഡും കടകളും സ്ഥാപനങ്ങളും ആധൂനിക മുഖച്ഛായയോടെ കടന്നു വന്നു. ഇപ്പോൾ രാത്രിയിൽ പാരീസ് പോലെയും പകൽ മിനിസിറ്റി പോലെയും
ജനങ്ങൾ സാംസ്കാരിക സമ്പന്നരായും ജീവിക്കുന്നു. കായംകുളം നഗരസഭയുടെ നാല് വാർഡുകളുടെ സംഗമ കേന്ദ്രമായ ഇവിടെ മറ്റൊരു ജംഗ്ഷനിലും ഉണ്ടാവാത്ത കെ.കെ.കോയിക്കൽ സ്മാരക ലൈബ്രറി, ഞാവക്കാട് സ്കൂൾ, ഗവ.ഹോമിയോ ആശുപത്രി, മാവേലിസ്റ്റോർ, എക്‌സൈസ്‌ ആഫീസ് രണ്ടു സ്വകാര്യ ആശുപത്രികൾ, നിരവധി വ്യാപാരസ്ഥാപനങ്ങൾ, വിവിധകടകൾ, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ, പള്ളി, ഗുരുമന്ദിരം, ഇറച്ചിക്കട, മൽസ്യചന്ത, തടിമില്ല്, ഹോട്ടൽ അടക്കം വികസനത്തിന്റെ പാതയിൽ മുന്നേറുന്നു. പേരുകേട്ട നിരവധി കുടുംബങ്ങൾ ഇവിടത്തെ പ്രൗഢി വിളിച്ചോതിയിരുന്നു. കുന്നുകണ്ടം, സാധുപുരം,കളീക്കൽ, പുന്നയ്യത്തു, മീനത്തേരിൽ,
വെള്ളാലയ്യത്ത്, കൊച്ചുതെക്കതിൽ, ഞാവക്കാട്, തച്ചന്റെ പറമ്പിൽ, കളത്തൂർ, തട്ടയ്ക്കാട്ടു, മണ്ണാമുറി, മുണ്ടകത്തിൽ,വെളുത്തിടത്തു, മൈലോലിൽ, ആനാരിശേരിൽ,ആയിക്കാട്ട്, കൊച്ചുതെക്കതിൽ,കോപ്രാപുരയിൽ,
വേലിഅയ്യത്ത്, വാഴപ്പള്ളിൽ,
കൊപ്പാറയിൽ തുടങ്ങിയവ. ജനതാ(ഉസ്മാൻകുട്ടി )സൗണ്ടും, ഞറുക്കു മുഹമ്മെദ് കുഞ്ഞു സാഹിബിന്റെ സ്റ്റേഷനറി കടയും, ഉസ്മാൻ പിള്ളയുടെ ഇറച്ചി വ്യാപാരവും, അബ്ദുൽ ഖാദർ(ഹബീബ്) സൈക്കിൽ കട, ആയിക്കാട്ട് അസീസ് ഹാജിയുടെ ചെമ്മീൻ പീലിങ് സെന്റർ, കൊച്ചുതെക്കത്തിൽ അബ്ദുൽഹമീദ്‌, നെപ്പോളിയൻ ഇബ്രാഹിം കുട്ടിയുടെ ആക്രിവ്യാപാരം, പലചരക്കു നസീർകുട്ടി, കൊച്ചുണ്ണി പലചരക്ക്, അപ്സര ടെയിലേഴ്സ് തുടങ്ങിയവർ ഐക്യജംഗ്ഷനിലെ പ്രമുഖരാണ്‌.
തുടർച്ചയായി മൂന്നു തവണ നഗരസഭാംഗമായിട്ടുള്ള റെക്കോര്ഡ് ഐക്യജങ്ഷൻകാരനായ കരുവിൽ നിസാറിനാണ്. എഴുത്തുകാരനും എഞ്ചിനീയറുമായ കായംകുളം യൂനുസ്, മാതൃഭൂമി സീനിയർ യൂണിറ്റ് ചീഫ് ഈ.സലാഹുദീൻ തഹസീൽദാർ ആർ.രാമഭദ്രൻ, മുൻ കൗണ്സിലർ പുന്നയ്യത്തുമസൂദ്, സ്കൂൾ ഹെഡ്മാസ്റ്ററും മഹല്ല് പ്രസിഡന്റുമായിരുന്ന സൈനുലാബ്ദീൻ, കോപ്പറയിൽ അബ്ദുൽ റഹുമാൻ ചരിത്രം വിഭാഗം ഹെഡ് എംഎസ്എം കോളേജ്, ജബ്ബാർസർ. ഏ ഇ ഒ.അബ്ദുൽ റഷീദ്, അഭിഭാഷകരായ പി. വിശ്വനാഥൻ, ഡി.സുധാകരൻ, രമണൻപിള്ള, എസ്.മോഹനൻ, ബോബൻ, ഏ.അഷറഫുദീൻ, ഏ.അജികുമാർ,
എച്ച്. സുനി, ജബ്ബാർകുട്ടി,അജയൻ സാധുപുരം,റെജിമോൻ, ഉണ്ണി ജെ.വാരിയത്ത് അടക്കം നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ
ജന്മദേശവും കൂടിയാണ് ഐക്യജങ്ഷൻ.

Leave A Reply

Your email address will not be published.