web analytics

കായംകുളത്തിന്റെ കഥ

0 309

എഡി 1746 ൽ തിരുവിതാകൂർ
മഹാരാജാവിന്റെ നിർദ്ദേശാനുസരണം കായംകുളം രാജ്യം തിരുവിതാംകൂറിനോട്
ചേർക്കപ്പെട്ടു. തുടർന്ന് ജനായത്ത ഭരണം സ്ഥാപിക്കപ്പെടുന്നത് വരെ നാട്ടു പ്രമാണികളുടെയും മാടംബിമാരുടെയും
ഭരണത്തിൻ കീഴിലായിരുന്നു കായംകുളം.
1818 ൽ( കൊല്ലവർഷം 993) കാർത്തികപ്പള്ളി
താലൂക്കിൽ കീരിക്കാട് കൊറ്റുകുളങ്ങരയിൽ സാധാരണ കുടുംബത്തിൽ ജനിച്ച കൊച്ചുണ്ണി എന്ന ബാലൻ പിൽക്കാലത്തു ലോകം മുഴുക്കെ അറിയപ്പെടുന്ന കായംകുളം കൊച്ചുണ്ണിയായി മാറിയ കഥ ഐതിഹ്യങ്ങളെ വെല്ലുന്നതാണ്.
സാഹസികനും മനുഷ്യസ്നേഹിയും ചരിത്രപുരുഷനുമായ കൊച്ചുണ്ണി കേരളത്തിലെ റോബിൻഹുഡ് എന്നറിയപ്പെട്ടു. ധനികന്റെ സമ്പത്ത് പിടിച്ചെടുത്ത് ദരിദ്രർക്ക്‌ നൽകുന്ന ശാസ്ത്രീയ സാമ്പത്തിക വ്യവസ്‌ഥ ഏകാത്മകമായി പരീക്ഷിച്ച ലെജൻഡ് ആയിരുന്നു കഥാപുരുഷൻ. കടുത്ത ഉച്ചനീചത്തങ്ങളും സാമ്പത്തിക വ്യതിയാനങ്ങളും പട്ടിണിയും നിലനിന്നിരുന്ന സമൂഹത്തിലാണ് കൊച്ചുണ്ണി വളർന്നത്. പത്തു വയസ്‌വരെ
വളരെ കഷ്ടപ്പെട്ട് വിശപ്പും കടുത്ത യാതനയും സഹിച്ചു സ്വന്തം വീട്ടിൽ കഴിച്ചുകൂട്ടി. തുടർന്ന് വീടുവിട്ട കൊച്ചുണ്ണി ഏവൂരിലെ
ഒരു ബ്രാഹ്മണന്റെ സഹായത്താൽ
വലിയവീട്ടിൽ പീടികയിലെ തൊഴിലാളിയായി. ഇക്കാലത്ത് തമിഴും മലയാളവും അഭ്യാസമുറകളും സ്വായത്തമാക്കി. ആയുധഭ്യാസവും കായികാഭ്യാസവും
കൺകെട്ട്, ആൾമാറാട്ടം തുടങ്ങിയ
ജാലവിദ്യകൾ അഭ്യസിച്ചു. ഈ വിവരം
മനസ്‌സിലാക്കിയ പീടികക്കാരൻ ഭയപ്പെട്ട് തന്ത്രപൂർവ്വം കൊച്ചുണ്ണിയെ കടയിൽ നിന്നും പറഞ്ഞുവിട്ടു. മാതാപിതാക്കൾ അകാലത്തിൽ വേര്പെട്ടതുമൂലം കൊച്ചുണ്ണി ഏകനായി. തുടർന്ന് ഇരുപതാം വയസ്സിൽ വിവാഹം ചെയ്തു. ഇക്കാലത്തെ സാമ്പത്തിക അസുന്തലിതാവസ്ഥ ദരിദ്രനായ കൊച്ചുണ്ണിയെ അസ്വസ്ഥനാക്കി. തന്മൂലം കയാകാഭ്യാസിയായ കൊച്ചുണ്ണി
സമ്പന്നഭവനങ്ങൾ കവർച്ചചെയ്തു ലഭിക്കുന്ന ദ്രവ്യങ്ങൾ സ്വന്തം കാര്യങ്ങൾ നിറവേറ്റാനും അതിലോരോഹരി പാവങ്ങൾക്ക് പങ്കുവെക്കാനും തയ്യാറായി. പാവങ്ങളെയും മര്യാദക്കാരെയും കൊച്ചുണ്ണി ഒരിക്കലും പ്രയാസപ്പെടുത്തിയില്ല. കൊള്ളചെയ്തെടുക്കുന്ന സമ്പത്തിൽ നിന്നു ഉപജീവനത്തിന് കഴികെയുള്ളവ ജാതിഭേദമന്യേ തന്റെ നാട്ടിലെ ജനങ്ങൾക്ക് ദാനം ചെയ്തു.
ഇത് നടപ്പാക്കിയതാകട്ടെ വളരെ സഹസികമായിട്ടാണ്. സംഭവബഹുലമായ നിരവധി ഘട്ടങ്ങൾ തരണം ചെയ്തും
അന്നത്തെ ഭൂപ്രഭുക്കുടെ ഗുണ്ടകളുമായി അതിസാഹസികമായി കൊച്ചുണ്ണി ഏറ്റുമുട്ടിയ കഥകൾ അത്ഭുതത്തോടെ കായംകുളത്തെ കാരണവന്മാരിൽ നിന്നും കേട്ട് തലമുറകൾ കൈമാറികൊണ്ടിരിക്കുന്നു. ഇത്തരം കഥകൾ
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ദീർഘമായി വരച്ചിട്ടിട്ടുണ്ട്.
സാഹസീകത നിറഞ്ഞ ജീവിതത്തിന്റെ ഒടുവിലത്തെ സംഭവവികാസത്തിലേക്കു നമുക്ക് കടക്കാം.
കൊച്ചുണ്ണിക്ക്‌ ഒരു നായർ സ്‌ത്രീയുമായുണ്ടായിരുന്ന അവിഹിത ബാന്ധവം ഒരു കൊലപാതകത്തിലേക്ക്‌ കടന്നു. കൊല്ലപ്പെട്ടത്‌ ഭാര്യയുടെ അമ്മയും. കൊച്ചുണ്ണിയുടെ അടിയേറ്റാണ് മരിച്ചത്.
തുടർന്ന് ഒളിവിൽ പോയ കൊച്ചുണ്ണിയെ പിടികൂടാൻ അന്നത്തെ ശിപായിമാരുടെ ശ്രമം വിഫലമായി. ഒടുവിൽ ആ സ്‌ത്രീയെയും സഹായിയെയും സ്വാധീനിച്ച്‌ കൊച്ചുണ്ണിക്ക് മയക്കുമരുന്നു നൽകി ബോധരഹിതനാക്കി ബന്ധിച്ചു കാർത്തികപ്പള്ളി റാണാവിലാക്കി.
ബോധം തിരിച്ചു കിട്ടിയ കൊച്ചുണ്ണി അന്ന് രാത്രിതന്നെ രക്ഷപ്പെടുകയും തന്നെ ചതിച്ച സ്ത്രീയെയും സഹായിയെയും വധിക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം കൊച്ചുണ്ണിയുടെ തലക്ക് ഇനാം പ്രഖ്യാപിച്ചെങ്കിലും ഫലം ഉണ്ടായില്ല.
1858 ൽ തിരുവിതാംകൂർ ദിവനായ ടി. മാധവരായരുടെ ശ്രമഫലമായി കൊച്ചുണ്ണിയെ വീണ്ടും ചതിവിൽ പിടികൂടി തിരുവനന്തപുരത്ത് കൊണ്ടു വന്നു. 1034 ആണ്ടിൽ കന്നിമാസത്തിൽ ( 1859) നാൽപ്പത്തി ഒന്നാം വയസ്സിൽ ഠാണാവിൽ വച്ച് കൊച്ചുണ്ണി മരണപ്പെട്ടു. കൊച്ചുണ്ണിക്ക് മൂന്നു പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. ജനോപകാരിയായ തസ്കരൻ എന്ന ഖ്യാതിനേടിയ കൊച്ചുണ്ണി വലിയ സാമൂഹിക വിപ്ലവകാരിയായിരുന്നു എന്നാണ് പൊതുജനഹിതം. എങ്കിലും, തന്റെ ആശയങ്ങൾ നടപ്പാക്കാൻ തെരെഞ്ഞെടുത്ത മാർഗ്ഗം ആശാസ്യമായിരുന്നു എന്നു പറയാൻ കഴിയുമോ? പിൽക്കാലത്തു കൊച്ചുണ്ണിക്ക് ധാരാളം ആരാധകരെ നേടാൻ കഴിയുമാർ പ്രശസാർഹമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കൊച്ചുണ്ണിയുടെ പേരിൽ ക്ഷേത്രവും
സിനിമകളും കഥാ പുസ്തകങ്ങളും ടെലിവിഷൻ സീരിയലുകളും വരെയുണ്ടായി.

Leave A Reply

Your email address will not be published.