web analytics

ഓണത്തിനൊരു സവാരി ഗിരിഗിരി നടത്താൻ ഉദ്ദേശ്യമുണ്ടോ …?

0 490

ഒറ്റയ്ക്കും , കൂട്ടായിട്ടും , കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര അതും പടിഞ്ഞാറൻ കാറ്റിന്റെ അകമ്പടിയോടെ വേമ്പനാട് കായലിന്റെ ഓളങ്ങളെ കീറിമുറിച്ച് കിഴക്കിന്റെ വീനിസിൽ നിന്ന് കൊല്ലത്തേക്ക് ഒരു ബോട്ട് യാത്ര.

രാവിലെ 10. 30 നാണ് കേരള ജലഗതാഗത വകുപ്പിന്റെ ബോട്ട് ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് തിരിക്കുന്നത്. 75 സീറ്റുള്ള ഡബിൾ ഡക്കർ ബോട്ടാണ് യാത്രക്കായി ക്രമീകരിച്ചിരിക്കുന്നത് . ഇപ്പൊൾ ഓൺലൈൻ റിസർവേഷൻ ലഭ്യമല്ല. ബോട്ടിന്റെ മുകളിലായി 20 മെറ്റൽ സീറ്റ് ക്രമീകരിച്ചിട്ടുണ്ട് . ടോയിലറ്റ് ഉള്ള ബോട്ടാണ് . ബോട്ടിൽ അഞ്ചോളം ജീവനക്കാരുണ്ടാകും .ജീവനക്കാർ സഞ്ചാരികളെ അതിഥികളോടെന്ന പോലെ പെരുമാറുന്നു. ആലപ്പുഴ- കൊല്ലം യാത്രയ്ക്ക് ₹ 400 ടിക്കറ്റ് നിരക്ക് . 8 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി വരുന്ന സമയം . സീസണിൽ മാത്രമാണ് ഈ സർവ്വീസ് ഉള്ളത് .ഇപ്പോൾ ഓണത്തിനോട് അനുബന്ധിച്ച് സർവ്വീസ് തുടങ്ങിയിട്ടുണ്ട് . ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവ്വീസുള്ളത് . ഇന്ന് ആലപ്പുഴയിൽ നിന്നും യാത്ര തിരിക്കുന്ന ബോട്ട് സന്ധ്യയോടു കൂടി കൊല്ലത്തെത്തുകയും അടുത്ത ദിവസം കൊല്ലത്തു നിന്ന് യാത്ര തിരിച്ച് ആലപ്പുഴയിലെത്തുകയും ചെയ്യുന്നു. യാത്ര പോകുന്നതിന് മുൻപ് അതാത് ഓഫീസുകളിൽ വിളിച്ച് എന്നൊക്കെയാണ് സർവ്വീസ് ഉള്ളതെന്ന് ഉറപ്പാക്കിയ ശേഷം യാത്രാ തീയതി നിശ്ചയിക്കുക.

യാത്രാ ടിക്കറ്റ് ബോട്ടിൽ നിന്നു തന്നെ കണ്ടക്ടർ തരും , ടിക്കറ്റ് തരുന്നതിനോടൊപ്പം കണ്ടക്ടർ ഉച്ചഭക്ഷണത്തിന്റെ ഓഡർ കൂടി എടുക്കും .സാദാ ഊണിന് ₹ 100 , മീൻ ഫ്രൈക്ക് ₹ 50 . യാത്രക്കാർക്ക് ഉച്ചഭക്ഷണം കയ്യിൽ കരുതുകയുമാവാം . യാത്ര പോകുന്നതിനു മുൻപ് സ്നാക്സ് , കുപ്പിവെള്ളം തുടങ്ങിയവ കൈയ്യിൽ കരുതുക . ഓണക്കാലത്ത് തിരക്ക് കൂടുന്നതിനാൽ നേരത്തെ ബോട്ടുജെട്ടിയിൽ ചെന്നാൽ ബോട്ടിന്റെ മുകളിലിരുന്ന് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് സീറ്റ് തരപ്പെടുത്താം .ആലപ്പുഴയിലും , കൊല്ലത്തും ബോട്ടുജെട്ടികൾ KSRTC സ്റ്റാൻഡിനടുത്തു തന്നെയാണ് .ഒരു 100 m ദൂരം നടന്നാൽ ബോട്ടുജെട്ടിയായി. റെയിൽവേ സ്റ്റേഷനുകളും വളരെ അടുത്താണ്.

10. 30 ഓടു കൂടി ആലപ്പുഴയിൽ നിന്നും ( കൊല്ലത്തു നിന്നും ഇതേ സമയം) ബോട്ട് യാത്ര ആരംഭിക്കും . വേമ്പനാട് കായലിൽ പ്രവേശിക്കുന്ന ബോട്ട് ലോക പ്രശസ്തമായ നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന പുന്നമട വഴി യാത്ര തുടരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ അവിടെ തുടങ്ങുന്നു. പിന്നീടുള്ള യാത്ര പമ്പാനദിയിൽ കൂടിയാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളും , വെള്ളം കയറ്റിയിട്ടിരിക്കുന്ന പാടശേഖരങ്ങളും കാണുവാനായിട്ട് കഴിയും .സമുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന പാടങ്ങളിലേക്ക് വെള്ളം കയറ്റുവാൻ എളുപ്പമാണ് , തിരിച്ച് ഇറക്കാൻ പമ്പു ചെയ്യണം.

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ വലിയ പാലങ്ങളിൽ ഒന്നായ പള്ളാത്തുരുത്തി പാലത്തിന്റെ അടിയിൽ കൂടിയാണ് ബോട്ടിന്റെ യാത്ര . പമ്പയാറിന്റെ ഇരുവശത്തും നിരന്നു കിടക്കുന്ന ഹൗസ് ബോട്ടുകൾ കാണുമ്പോൾ തന്നെ മനസ്സിലൊരു ലഡു പൊട്ടും . ഹൗസ് ബോട്ടുകളുടെ സംസ്ഥാന സമ്മേളനമാണോ എന്ന് തോന്നിയാലും ആരേയും കുറ്റം പറയാനാകില്ല. യാത്രക്കിടയിൽ ടൂറിസ്റ്റ്കളേയും വഹിച്ചുകൊണ്ടുള്ള ഹൗസ് ബോട്ടുകൾ തലങ്ങും വിലങ്ങും പോകുന്നത് കാണാം . ടൂറിസ്റ്റുകൾ ബോട്ടിലിരുന്ന് കരിമീൻ പൊള്ളിച്ചത് കൂട്ടി കപ്പ കഴിക്കുന്നത് കണ്ട് അസൂയപെടെണ്ട അവരുടേത് ബിഗ് ബഡ്ജറ്റാണ് നമ്മുടേത് ടിക്കറ്റും ശാപ്പാടും അടക്കം തുച്ഛമായ തുകയെ ആകുന്നുള്ളു .യാത്ര പോകുമ്പോൾ വല്ലതും കൊറിക്കാനും കുടിക്കാനുമുള്ളത് കരുതണമെന്ന് സാരം.

യാത്ര തുടർന്നു കൊണ്ടേയിരിക്കും , ഇനി കരിമാടിക്കുട്ടന്റെ നാട്ടിലെക്കാണ് .ബോട്ടിലിരുനാൽ തന്നെ ഗ്രാനൈറ്റിൽ തീർത്ത വലിയ ബുദ്ധപ്രതിമ കാണുവാൻ സാധിക്കും .ഇത് 11 ന്നാം നൂറ്റാണ്ടിൽ തീർത്തതാന്ന് പറയപ്പെടുന്നു.ഇനി യാത്ര പല്ലനയിലേക്കാണ് ,നമ്മുടെ അഭിമാനമായ കവി ശ്രീകുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ചതിന്റെ സ്മാരകം നദീതീരത്തു തന്നെ കാണുവാൻ സാധിക്കും .

പോകുന്ന വഴി ധാരാളം കള്ള് ഷാപ്പുകൾ കാണുവാൻ കഴിയും . ഷാപ്പുകൾ നമ്മളെ മാടി വിളിക്കുന്നുണ്ടോയെന്നൊരു സംശയം തോന്നാം , മനസ്സിനെ പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കുക എന്നിട്ടും രക്ഷയില്ലെങ്കിൽ പിന്നീട് അങ്ങോട്ട് നോക്കാതിരിക്കുക . കുട്ടനാട്ടിലെ ഷാപ്പുകളെന്ന് പറഞ്ഞാൽ നല്ല കള്ള് മാത്രമല്ല , നല്ല ശാപ്പാടിനും പേരുകേതാണ്.

യാത്രയിനി കയറുകളുടെയും കയറുല്പന്നങ്ങളുടേയും നാടായ തൃക്കുന്നപ്പുഴയിലേക്കാണ്. വിശന്നിരിക്കുന്നവർക്കൊരു ആശ്വാസം ,ഉച്ചയൂണിന് സമയമായി . 20 മിനിറ്റ് സമയം കിട്ടും.ബോട്ട് ജീവനക്കാരും നേരത്തെ കണ്ടക്ടർ മുഖാന്തിരം ഓർഡർ കൊടുത്തവരും ഇവിടുന്ന് ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിഞ്ഞ് നേരെ ആയിരംതെങ്ങിലേക്ക് , മീൻപിടുത്ത ബോട്ടുകൾക്കിടയിലൂടെയാണ് ഈ യാത്ര , വളരെ രസകരമായ യാത്രയാണത് .പിന്നീട് മാതാ അമ്യതാനന്ദമയിയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന അമ്യതപുരിയിലേക്ക് . ആറിന് കുറുകെയുള്ള പാലം വളരെ ദൂരത്ത് നിന്നു തന്നെ ദ്യശ്യമാണ് .വലിയ ബോട്ടുകൾക്ക് പാലത്തിന്റെ അടിയിൽക്കൂടി കടന്നു പോകാൻ സാധിക്കത്തക്ക രീതിയിലാണിതിന്റെ നിർമ്മാണം.

സമയം 3.30 ആയി , ചായ കുടിക്കണ്ടായോ…? ആരും ഓർമ്മപ്പെടുത്തെണ്ട ആലുംകടവിലുള്ള ഗ്രീൻ ചാനൽ റിസോട്ടിലേക്ക് ബോട്ട് തനിയെ അടുത്തു കൊള്ളും . വെള്ളത്തിൽ തൂണുകളുടെ മുകളിൽ സ്ഥാപിച്ചിരിക്കുകയാണി റിസോർട്ട്. ചായ കുടി കഴിഞ്ഞ് നേരെ ചവറ ഭാഗത്തേക്കാണ് .ചെറിയ കനാൽ വഴിയുള്ള യാത്ര . നല്ല പരിചയമുള്ള ഡ്രൈവർക്കെ ഇതു വഴി ബോട്ടോടിക്കാൻ കഴിയു.കോവിൽത്തോട്ടം വഴി പോകുമ്പോൾ കട്ടിൽ മെക്കേതിൽ ക്ഷേത്രത്തിലേക്കുള്ള ആളുകളെ ജംഗാറിൽ അക്കരെ കടത്തുന്നത് കാണാം.

TS കനാൽ , തിരുവനന്തപുരം – ഷൊർണ്ണൂർ , പൊക്കം കുറഞ്ഞ പാലങ്ങൾക്ക് താഴെക്കുടാണ് യാത്ര. ഈ ബൊട്ടിന്റെ മുകൾവശത്ത് യാത്ര ചെയ്യുന്നവർ എഴുന്നേറ്റു നടക്കുമ്പോൾ തല മുകളിൽ മുട്ടും .സീ കുട്ടനാട് ബോട്ടിന്റെ മുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടാവില്ല . ഈ പാലങ്ങൾക്കനുസരിച്ച് ഉയരം ക്രമപ്പെടുത്തിയിരിക്കുന്നത് കൊണ്ടാണിങ്ങനെ സംഭവിച്ചത്. കുറച്ച് കൂടി മുന്നോട്ട് പോകുമ്പോൾ കനാലിലെ വെള്ളത്തിന്റെ നിറവ്യത്യാസം മനസ്സിലാകും . നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങായ ഇന്ത്യൻ റെയർ എരത്തിന്റെയും ,കേരളാ മിനറൽസ് ആൻഡ് മെറ്റൽസിന്റെയും മറക്കാനാവാത്ത സംഭാവന കൊണ്ടാണിത് സംഭവിക്കുന്നത് .മലിനജലം അവരുടെ ടാങ്കുകൾ കവിഞ്ഞ് കടലിലോട്ടും കായലിലൊട്ടും കലരുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ,നമ്മൾ ടൂറിസ്റ്റുകളാണ് അത് മറക്കരുത്, യാത്ര ആസ്വദിക്കുക. പറയാൻ മറന്നു പോയി ഇതിനു മുന്പ് കായംകുളം കായൽയാത്രയിൽ നമ്മുക്ക് വൈദ്യുതി തരുന്ന NTPC യുടെ പ്ളാന്റ് കാണാം , അതൊരു സുന്ദരമായ കാഴ്ചയാണ്.

ഈ യാത്രയിൽ ഹൗസ് ബോട്ടുകൾ , ചെറുതും വലുതുമായ മീൻപിടുത്ത ബോട്ടുകൾ , മണലുവാരുന്ന വള്ളങ്ങൾ ,കക്കാവാരുന്നവർ, കുട്ട വഞ്ചിയിൽ മീൻ പിടിക്കുന്നവർ , കായലിൽ സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ , വിവിധയിനം കൊക്കുകൾ അങ്ങനെയെല്ലാം കാണാൻ സാധിക്കും .ആകെക്കൂടി രണ്ട് കണ്ണേയുള്ളു ഇതെല്ലാം കൂടി എന്നു കണ്ടു തീർക്കും ,ഒരു വരവൂടി വരേണ്ടി വരും എന്ന് വിചാരിച്ചാൽ കുറ്റം പറയാൻ പറ്റുകയില്ല.

അഞ്ച് മണിയോടടുപ്പിച്ച് നീണ്ടകരയിലെ അഴിമുഖം കടന്ന് യാത്ര തുടരും .യാത്രയിലുടനീളം ബോട്ടിലെ ജീവനക്കാർ സഞ്ചാരികൾക്ക് കാഴ്ചകളെപ്പറ്റി വിശദമായി പറഞ്ഞു തരും , ദീർഘയാത്രയായതുകൊണ്ട് ഊണും കാപ്പി കുടിയുമെല്ലാം കഴിഞ്ഞ് സുഖമായി ഉറങ്ങാതിരുന്നാ മതി. ശ്രീ രവി പിള്ളയുടെ ഫൈവ് സ്റ്റാർ ഹോട്ടലായ റാവിസ് ചുറ്റി ആറു മണിയോടു കൂടി ബോട്ട് കൊല്ലം ജെട്ടിയിൽ അടുക്കും. അവിടുന്ന് നോക്കിയാൽ KSRTC സ്റ്റാൻഡ് കാണാം .ഒരു ഓട്ടോ പിടിച്ചാൽ നേരെ റെയിൽവേ സ്റ്റേഷൻ .

തീരെ ചെറിയ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക അവർക്ക് മടിപ്പുളവാക്കിയേക്കും. ഈ സർവ്വീസ് തുടങ്ങിയോന്നറിയാൻ കഴിഞ്ഞ ദിവസം ഞാൻ ആലപ്പുഴയ്ക്ക് വിളിച്ചിരുന്നു. ഉദയപ്പൻ എന്ന് പേരുള്ള ഒരു ഓഫീസറാണ് ഫോൺ എടുത്തത് . സർവ്വീസ് തുടങ്ങിയെന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. ഞാൻ കഴിഞ്ഞ സീസണിൽ ഈ ബോട്ടിൽ സഞ്ചരിച്ചതാണെന്നും കുറച്ച് നിർദ്ദേശങ്ങൾ പറയാനുണ്ടെന്നും അദ്ദേഹത്തോടു പറഞ്ഞു .എല്ലാം ക്ഷമാപൂർവ്വം അദ്ദേഹം കേട്ടു.അതിൽ പ്രധാനം ,ഇതൊരു ദീർഘദൂര യാത്രയാണ് കൊല്ലം എത്തുമ്പോഴേക്കും നമ്മുടെ മൊബൈൽ ചത്തിരിക്കും , ബോട്ടിൽ മൊബൈൽ ചാർജ്ജ് ചെയ്യാനുള്ള ഫെസിലിറ്റിയില്ല അതുകൊണ്ട് അടിയന്തിരമായി അതിനുള്ള ഏർപ്പാടുകൾ ചെയ്യണമെന്നഭ്യർത്ഥിച്ചു. ആരും ഇതുവരെ ഇത് ശ്രദ്ധയിൽപ്പെടുത്തിയില്ല ഉടൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം ഉറപ്പുതരികയും ചെയ്തു. ബോട്ട് നിരക്കുകൾ ചുവടെ

ആലപ്പുഴ – തോട്ടപ്പുഴ :₹ 70
ആലപ്പുഴ – ത്യക്കുന്നപ്പുഴ : ₹ 140
ആലപ്പുഴ – ആയിരംതെങ്ങ് : ₹ 200
ആലപ്പുഴ – അമ്യതപുരി : ₹ 270
ആലപ്പുഴ – ചവറ : ₹ 350
ആലപ്പുഴ – കൊല്ലം : ₹ 400

കൊല്ലത്തു നിന്നുള്ള നിരക്കുകൾ :
കൊല്ലം – ചവറ : ₹70
കൊല്ലം – അമ്യതപുരി : ₹ 140
കൊല്ലം – ആയിരംതെങ്ങ് : ₹ 200
കൊല്ലം – തൃക്കുന്നപ്പുഴ :₹ 270
കൊല്ലം – തോട്ടപ്പള്ളി : ₹ 350
കൊല്ലം – ആലപ്പുഴ : ₹ 400

ജലഗതാഗതവകുപ്പിന്റെ വെബ്സൈറ്റ്:
www.swtd.kerala.gov.in
ആലപ്പുഴ മൊബൈൽ നമ്പർ : 9400 0503 24 / 9400 0503 27 / 0477 – 225 20 15
DTPC office , KSWTD boat Jetty Kollam : O474 – 275 0170

കടപ്പാട് :സ്വലേ നൗഫൽ

Leave A Reply

Your email address will not be published.