web analytics

കായംകുളത്ത് ചന്ദനമോഷ്ടാക്കളുടെ വിളയാട്ടം

0 676

കായംകുളത്ത് മുസ്ലിംപള്ളിയുടെ പരിസരത്ത് നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയ കേസില്‍ തുമ്പൊന്നും ലഭിക്കാതെ പോലീസ്. ടൗണ്‍ ജുമാ മസ്ജിദ് വളപ്പില്‍ നിന്ന് ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു ചന്ദനമരങ്ങള്‍ വെട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയത്.

പതിനഞ്ചുവര്‍ഷത്തോളം പ്രായമുള്ള രണ്ട് മരങ്ങളാണ് മുറിച്ചുകടത്തിയത്. കട്ടര്‍ മെഷീന്‍ ഉപയോഗിച്ചു മുറിച്ചുമാറ്റിയ നിലയില്‍ വേരുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. പള്ളിയുടെ പിന്‍ഭാഗത്ത് നിന്നാണ് ചന്ദനമരങ്ങള്‍ കടത്തിയത്.

പള്ളി പരിസരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അവ തിരിച്ചുവച്ച നിലയിലായിരുന്നു. എങ്കിലും ചില ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സ്വിഫ്റ്റ് കാറിലും പെട്ടി ഓട്ടോയിലുമായി വന്ന മൂന്നംഗ സംഘം പള്ളി കോമ്പൗണ്ടില്‍ എത്തിയെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നതെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

കടത്തിക്കൊണ്ടുപോയ ചന്ദനമരങ്ങള്‍ക്ക് അമ്പതിനായിരത്തോളം രൂപയാണ് വില കണക്കാക്കുന്നത്. കായംകുളം പോലീസ് അന്വേഷണം തുടരുകയാണ്.

കുറച്ചുമാസങ്ങള്‍ക്കുമുമ്പ് കായംകുളം എം.എസ്.എം ഹൈസ്‌കൂളിന് അരികിലെ വീടുകളില്‍ നിന്ന് രണ്ടു ചന്ദനമരങ്ങള്‍ സമാനമായ രീതിയില്‍ മോഷണം പോയിരുന്നു. കായംകുളത്തിന്റെ പരിസരപ്രദേശങ്ങളില്‍ ചന്ദനമരമോഷണം തുടര്‍ക്കഥയാവുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചന്ദനമോഷ്ടാക്കള്‍ക്കുപുറമേ മറ്റ് മോഷ്ടാക്കളും കായംകുളത്ത് വിലസുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ച് മോഷണങ്ങളാണ് കായംകുളത്തുണ്ടായത്. പ്രശസ്ത വസ്ത്രവ്യാപാര സ്ഥാപനമായ പട്ടുറുമാല്‍ വെഡ്ഡിംഗ് സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന മോഷണത്തില്‍ മൂന്നുലക്ഷത്തോളം രൂപയുടെ പട്ടുസാരികളും ഇരുപത്തയ്യായിരം രൂപയും കവര്‍ന്നു. ഈ കേസിലും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ആരോപണം.

Leave A Reply

Your email address will not be published.