web analytics

ആരായിരുന്നു ഇത്തിക്കര പക്കി ?

0 1,269

കായംകുളം കൊച്ചുണ്ണി സിനിമയിൽ മോഹൻലാൽ അതിമനോഹരമായി പക്കിയെ അവതരിപ്പിച്ചപ്പോൾ ഒരുവേള കൊച്ചുണ്ണിയോളം ഇഷ്ടം ഇത്തിക്കരയുടെ പ്രിയ പുത്രനോടും പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ടാവാം…

നിയമപാലക അധികാരി പ്രമാണി വർഗത്തിന് ഒരിക്കൽ പോലും കീഴടക്കാൻ കഴിയാതിരുന്ന “ഇത്തിക്കര പക്കിയെ” കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ ചെന്നെത്തിയത് പക്കി കുടുംബത്തിലെ അവസാന കണ്ണിയായ ”മീരാസാഹിബ്” എന്ന 93കാരന്റെ ഇത്തിക്കരയിലുള്ള വസതിയിലാണ്…

പ്രായത്തിന്റെ അവശകളില്ലാതെ അദ്ദേഹം പറഞ്ഞു തുടങ്ങുമ്പോൾ ഒരു നാടിൻറെ നായകനിലേക്കാണ് ഞങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചത്…
ബ്രട്ടീഷ് നാടോടിക്കഥകളിൽ ഏറെ പ്രചാരം നേടിയ ഒരു കഥാപാത്രമായിരുന്നു ‘റോബിൻ ഹുഡ്’ രാജകീയ സമ്പത്തുകൾ കൊള്ളയടിച്ചു സാധാരണക്കാർക്ക് നൽകുന്ന നല്ലവനായ കൊള്ളക്കാരൻ എന്ന പരിവേഷമാണ് റോബിൻ ഹുഡിനുള്ളത്.
അതേ മാർഗത്തിൽ സഞ്ചരിച്ചു നാട്ടാർക്ക് പ്രിയങ്കരായി തീർന്ന രണ്ട് തസ്കരർ നമ്മുടെ കൊച്ചു കേരളത്തിലുമുണ്ടായി.
1)കായംകുളം കൊച്ചുണ്ണി

2) ഇത്തിക്കര പക്കി
“”””””””””””””””””””””””””””””

ഉമയനല്ലൂർ എന്ന സ്ഥലത്തുള്ള മൽസ്യ വ്യാപാരിയുടെ മകനായിരുന്നു ‘മുഹമ്മദ് അബ്ദുൽ ഖാദർ’ പഠനത്തിൽ പിന്നിലാണെങ്കിലും ബാല്യത്തിന്റെ താളപിഴവുകളില്ലാതെ പ്രായത്തെ വെല്ലുന്ന നിലയിൽ അന്യരെ സഹായിക്കുന്നതിൽ അവൻ സദാ സന്നദ്ധനായിരുന്നു.

കുട്ടിക്കാലത് തന്നെ കുടുംബം ഇത്തിക്കരയിലേക്ക് താമസം മാറുകയും തുടർന്നവന്റെ ബാല്യ കൗമാരങ്ങൾക്ക് ഇത്തിക്കരയാറിന്റെ ഓളങ്ങളായിരുന്നു കൂട്ടായി തീർന്നത്, ആറ്റിൽ വീഴുന്ന നിരവധി പേരെ രക്ഷപ്പെടുത്തുന്നതിലും കടലെന്നോ കായലെന്നോ വ്യത്യാസമില്ലാതെ എന്ത്‌ അഭ്യാസങ്ങൾക്കും ‘ഖാദർ’ ബഹുമിടുക്കനായിരുന്നു.

വിശന്ന് വലഞ്ഞു അന്നത്തിനായി യാചിക്കുന്നവരെ അടിച്ചു പുറത്താക്കുന്ന പ്രമാണി വർഗ്ഗത്തിന്റെ ദാർഷ്ട്യം കാരണമായി ഉള്ളവനിൽ നിന്ന് പിടിച്ചെടുത്ത്‌ ഇല്ലാത്തവന് കൊടുത്തു അവന്റെ പട്ടിണി മാറ്റുന്നതിലൂടെ സംതൃപ്തിയടയുന്ന പാവങ്ങളുടെ കള്ളനെന്ന നിലയിലേക്ക് ഇത്തിക്കര ഖാദർ എത്തപ്പെട്ടത്.

എവിടെയും എത്ര വേഗത്തിലും കൃത്യം നിർവഹിച്ചു ഞൊടിയിടയിൽ രക്ഷപെടുന്നതിലുള്ള പ്രാവിണ്യമാണ്‌ ഇത്തിക്കര ഖാദറിനെ “ഇത്തിക്കര പക്കി(butterfly)” എന്ന പേരിനുടമയാക്കി തീർത്തത്.

കൊള്ളയിലെന്നപോലെ കായികാഭ്യാസത്തിലും കേമനായിരുന്ന പക്കിയെ തകർക്കാനെന്നോണം നാലുപാടും കെണിയൊരുക്കിയുള്ള ഏതൊരു ഒളിയാക്രമങ്ങളെയും നേർക്കുനേർ മിന്നലാക്രമണങ്ങളിലൂടെ നേരിടുന്ന പക്കിയെ തുരത്താൻ പോലീസ് പട കിണഞ്ഞു ശ്രമിച്ചിട്ടും പിടികൂടാൻ കഴിയാതിരുന്നതും പ്രമാണി പോലീസ് വർഗ്ഗത്തിനാകമാനം ഭയം ഉളവാക്കിയ കരണങ്ങളായിരുന്നു.

 

പാവങ്ങളെ അടിമയെ പോലെ പണിയെടുപ്പിച്ചു പണമുണ്ടാക്കുകയും കപ്പം കൊടുക്കാൻ നിവർത്തി ഇല്ലാത്തവരുടെ കൃഷിയിടങ്ങൾ കയ്യേറി കാർഷിക ഉത്പന്നങ്ങൾ കൈക്കലാക്കുകയും ചെയ്യുന്ന ജന്മികളായിരുന്നു പക്കിയുടെ സ്ഥിരം നോട്ടപുള്ളികൾ, ഇത്തരത്തിൽ ആറ്റിലൂടെ കെട്ടുവള്ളങ്ങളിൽ കൊണ്ടുപോകുന്ന കാർഷിക വിളകളും മറ്റും തട്ടിയെടുത്തു പാവങ്ങളുടെ വീടുകളിൽ എത്തിക്കുന്ന പക്കി പാവങ്ങൾക്ക് പ്രിയങ്കരനും പ്രമാണിമാർക്ക് പേടിസ്വപ്നവുമായിരുന്നു.

പക്കിയുടെയും കൂട്ടരുടെയും സ്ഥിര സങ്കേതം ഇത്തിക്കരയാറിന്റെ ഭാഗങ്ങൾ ആണെങ്കിലും പരവൂർ കായലിലും ആറ്റിങ്ങലാറിലും പകൽ കൊള്ളയിലും പക്കി തന്റെ നിർഭയ സാമർഥ്യം കാട്ടിയിരുന്നു.

കായംകുളത്തു നിന്ന് പരവൂർ കായൽ വഴി തിരുവനന്തപുരത്തേക്കും മറ്റും പോകുന്ന ചരക്കുകൾ കൊള്ളയടിക്കാൻ കായംകുളം കൊച്ചുണ്ണിക്ക് കൂട്ടായി തന്റെ ആത്മ മിത്രം ഇത്തിക്കര പക്കിയും കാണുമായിരുന്നു, മോഷണമുതലുകൾ പങ്കിട്ടെടുക്കാൻ ഇത്തിക്കര പാലത്തിനു കീഴെയാണ് ഒത്തുകൂടിയിരുന്നത്.

 

സ്വന്തം സമ്പാദ്യങ്ങളേക്കാൾ പാവങ്ങൾക്ക് അത്താണി ആയിരുന പക്കി 45ആം വയസ്സിൽ കാൻസർ പിടിപ്പെട്ടാണ് മരണത്തിനു കീഴടങ്ങുന്നത്.
ജാതിമത ഭേദമന്യേ സ്വീകാര്യനായിരുന്ന പക്കിയുടെ വിയോഗം സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

കൊട്ടിയം കൊട്ടുമ്പുറം പള്ളി മൈതാനിയിൽ അന്ന് തടിച്ചു കൂടിയ ജനസാഗരം കേവലമൊരു കള്ളനെക്കാളുപരി ജനസേവകന് നൽകാനുള്ള യാത്ര മൊഴികളോടായിരുന്നു..

( CP എന്ന മീരാസാഹിബിനെ നന്ദിയോടെ സ്മരിക്കുന്നു)

Leave A Reply

Your email address will not be published.